സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നല്‍കിവരുന്ന സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിതരണത്തിന് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വിതരണം തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സൗജന്യ ഭക്ഷ്യകിറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും
വിശദമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല. വിതരണം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം കൊടുത്താല്‍ പോരെ എന്നുള്ള ചര്‍ച്ചകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടാണ് ഈ കൊവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കാന്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചത്. അതിലൊരു വേര്‍തിരിവും ഇതുവരെ കാണിച്ചിട്ടില്ലെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി.