ഗുജറാത്തിന്റെ കണ്ണും കാതുമായി ഈ മലയാളി; പതിനഞ്ച് വര്‍ഷമായി മോദിയുടെ വിശ്വസ്തനായി കൈലാസനാഥന്‍ !

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിമാര്‍ മാറിമാറിയെത്തുമ്പോഴും മാറ്റമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മലയാളിയായ റിട്ട.ഐ.എ.എസ് ഓഫീസര്‍ കെ. കൈലാസനാഥന്‍. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി കൈലാസനാഥനെ നിയമിച്ചു. തുടര്‍ച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് ഇദ്ദേഹം. കെ.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൈലാസനാഥന്‍ 1979 ഐ.എ.എസ്. ബാച്ചുകാരനായ കോഴിക്കോട് വടകര സ്വദേശിയാണ്. കുനിയില്‍ കൈലാസനാഥന്‍ എന്നാണ് മുഴുവന്‍ പേര്.

2006 ജൂലായ് മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായകസ്ഥാനത്തുണ്ട് ഇദ്ദേഹം. 2013-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോള്‍ മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കാലാവധി നീട്ടിനല്‍കി കെ.കെ.യെ ഓഫീസില്‍ നിലനിര്‍ത്തി. പിന്നീട് ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാണി മന്ത്രിസഭകള്‍ വന്നപ്പോഴും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസില്‍ തുടര്‍ന്നു.

രൂപാണിയുടെ മന്ത്രിസഭയെ സമ്പൂര്‍ണമായി അഴിച്ചുപണിയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തപ്പോഴും കെ.കെ തുടര്‍ന്നു. ഭൂപേന്ദ്ര പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കുംവരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെയോ കൈലാസനാഥന്‍ അതേ തസ്തികയില്‍ തുടരുമെന്നാണ് പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്. 15 വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഇദ്ദേഹത്തിന്റെ കാലാവധി ഏഴാംതവണയാണ് നീട്ടുന്നത്.

ഗുജറാത്തിന്റെ മനസ്സു വായിക്കാനറിയാവുന്നയാളെന്ന നിലയിലാണ് മോദി ഇദ്ദേഹത്തെ നിലനിര്‍ത്തിയിരിക്കുന്നത്. ഭരണസിരാകേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ കണ്ണും കാതുമായാണ് കൈലാസനാഥന്‍ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സാബര്‍മതി ആശ്രമം നവീകരിക്കുന്ന പദ്ധതിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തലവന്‍ കൂടിയാണ് കൈലാസനാഥന്‍.