വിദേശരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യും; വാക്സിൻ മൈത്രി പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിൻ കയറ്റുമതി യജ്ഞമായ ‘വാക്സിൻ മൈത്രി’ പുനരാരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായതോടെയാണ് വാക്‌സിൻ കയറ്റുമതി നിർത്തിവച്ചിരുന്നത്.

ഒക്ടോബർ മാസത്തിൽ ഇന്ത്യ വാക്സിൻ കയറ്റുമതി ആരംഭിക്കും. കഴിഞ്ഞ വർഷം 70 ഓളം രാജ്യങ്ങളിലേക്ക് 66 മില്യൺ ഡോസ് വാക്സിനാണ് കേന്ദ്ര സർക്കാർ കയറ്റിയയച്ചത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവയ്ക്ക് പുറമെ മൗറീഷ്യസ്, മൊറോക്കൊ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, കോംഗൊ, നൈജീരിയ, യുകെ എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന് ശേഷം മിച്ചമുളള വാക്സിനുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം 30 കോടി ഡോസ് വാക്സിനുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷത്തിൽ നാലാംപാദത്തിൽ 100 കോടിയിലേറെ ഡോസ് വാക്സിൻ ഉൽപാദിപ്പിക്കുമെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്ത് വാക്സിനേഷൻ യജ്ഞത്തിന് വേഗം കൂടിയതായും 70 കോടി ഡോസിൽ നിന്ന് 80 കോടി ഡോസിലേക്ക് എത്താൻ വെറും 11 ദിവസം മാത്രമേ വേണ്ടിവന്നുളളുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.