സഭാ ഭൂമിയിടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമീഷണറാണ് അന്വേഷണം നടത്തുക.

സഭയുടെ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടോ തണ്ടപ്പേര് തിരുത്തിയോ എന്നിവ അന്വേഷണത്തില്‍ ഉള്‍പ്പെടും. കൂടാതെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപാടില്‍ പങ്കുണ്ടോ എന്നും ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കേസില്‍ വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

നേരത്തെ, ഭൂമിയിടപാട് പരാതിയില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മാര്‍ ആലഞ്ചേരി അടക്കം മൂന്നു പേര്‍ സമര്‍പ്പിച്ച ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ആലഞ്ചേരിയെ കൂടാതെ എറണാകുളം -അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോ ഷി പുതുവ, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും മൊത്തത്തിലുള്ള തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ആണ് ആലഞ്ചേരി അടക്കമുള്ളവര്‍ കോടതിയില്‍ വാദിച്ചത്.