ബംഗാൾ ഉപതെരഞ്ഞെടുപ്പ്; മമതയ്‌ക്കെതിരെ മത്സരിക്കുന്നത് വ്യത്യസ്തരായ മത്സരാർത്ഥികൾ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ് മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂർ മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതുണ്ട്. അതിനാൽ തന്നെ മമതയെ സംബന്ധിച്ചിടത്തോളം ഈ ഉപതെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഇത്തവണ മമതാ ബാനർജിയ്ക്ക് മത്സരം ഏറെ കടുപ്പമേറിയതായിരിക്കുമെന്നാണ് വിവരം. കാരണം സമൂഹത്തിന്റെ വിവധ തട്ടുകളിൽ നിന്നുള്ളവരാണ് ഇത്തവണ മമതയ്ക്ക് എതിരാളികളായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നത്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളിനും സിപിഐ സ്ഥാനാർത്ഥി ശ്രീജിത് ബിശ്വാസിനും പുറമെ മറ്റ് പലരും മമതയുടെ എതിരാളികളായുണ്ട്.

ഒരു സാമ്പത്തിക ഉപദേഷ്ടാവ്, യോഗ പരിശീലകൻ, ഒരു അച്ചാർ വിൽപനക്കാരി, ഒരു സ്റ്റേഷനറി ഷോപ്പ് ഉടമ, സ്വർണ്ണ മെഡൽ നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞൻ, ഒരു സ്‌കൂൾ പ്രിൻസിപ്പൽ തുടങ്ങി സമൂഹത്തിന്റെ പലതട്ടിൽ നിന്നുള്ള ആളുകളാണ് മമതയ്‌ക്കെതിരെ ഭവാനിപൂർ മണ്ഡലത്തിൽ മത്സരിക്കുന്നത്. മത്സരിക്കുന്നവരിൽ ആറ് പേർ സ്വതന്ത്രരാണ്. മമത ബാനർജി, ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ, സിപിഐ എമ്മിലെ ശ്രീജിത് ബിശ്വാസ് എന്നിവർ കക്ഷികളെ പ്രതിനിധികരിച്ച് മത്സരിക്കുന്നത്. രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉണ്ടെന്നാണ് വിവരം.

ചിലർ മത്സരിക്കുന്നത് തമാശയ്ക്ക് വേണ്ടിയാണ്. എന്നാൽ പശ്ചിമ ബംഗാളിന്റെ മാറ്റത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് മറ്റുചിലർ പറയുന്നത്. തന്നെ കൂടുതൽ പേരറിയാനാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഇത് സാമൂഹിക പ്രവർത്തനം തുടരാൻ തന്നെ സഹായിക്കുമെന്നും അച്ചാറുകൾ വിൽക്കുകയും സ്വയംസഹായ സംഘം നടത്തുകയും ചെയ്യുന്ന റൂമ നന്ദൻ പറഞ്ഞു. അഴിമതിക്കും തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിനും എതിരെ പോരാടാനാണ് ഞാൻ മത്സരിക്കുന്നതെന്ന് പരിസ്ഥിതി പഠനത്തിലും ശാസ്ത്രീയ സംഗീതത്തിലും സ്വർണ്ണ മെഡൽ ജേതാവായ ചന്ദ്രചൂർ ഗോസ്വാമി വ്യക്തമാക്കി.