കണ്ണൂർ ജയിലിൽ സൂപ്രണ്ട് കൊടി സുനിയാണ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനി ജയിലിൽ ഫോൺ വിളിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂർ ജയിലിൽ സൂപ്രണ്ട് കൊടി സുനിയാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തിൽ ക്രിമിനലുകൾ സുഖശീതളച്ഛായയിലാണ് താമസം. ജയിൽ ഒരു സുഖവാസ കേന്ദ്രമാണ്. ഇത് അഭിമാനബോധമുള്ളവരോട് പറഞ്ഞാലെ കാര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകളും പ്രസ്ഥാനങ്ങളും പത്രങ്ങളുമെല്ലാം ആരോപണം ഉന്നയിക്കുമ്പോൾ അത് കേട്ടില്ലെന്ന ഭാവത്തിൽ പോകുന്ന അന്ധരും ബധിരരുമായ കേരളത്തിലെ ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും അവരാണ് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. അവരോട് പരാതിപ്പെട്ടിട്ട് എന്തുകാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സത്യത്തിൽ, ഈ സംഭവത്തിൽ എന്തെങ്കിലും ലജ്ജാബോധമുണ്ടെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കണ്ടെയെന്നും ഒരു നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമ്രന്തിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം രാഷ്ട്രീയ നേതാക്കളും പാർട്ടികളും സമൂഹത്തിലും ഉയർന്നുവന്നപ്പോഴും നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്തു പറയാനാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ അദ്ദേഹം പ്രതികരിക്കൂ. പ്രതിക്കേണ്ട എന്ന് തീരുമാനിച്ചാൽ അന്ന് പ്രതികരിക്കില്ല. അത് ജനാധിപത്യ സംവിധാനത്തിൽ ആദരിക്കപ്പെടേണ്ട യോഗ്യതയാണെന്ന അഭിപ്രായം തനിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

തടവുകാരെ സർക്കാരിന്റെ അതിഥികളായി തീറ്റിപ്പോറ്റുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മാദ്ധ്യമങ്ങൾ ഇത്രയും ഗുരുതര ആരോപണം ഉയർത്തിക്കാണിച്ചിട്ടും അതിനോട് പ്രതികരിക്കാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിനെതിരെ ജനരോഷം ഉയരണം, പ്രതിഷേധം ആളിക്കത്തണം. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ കഴിയുന്ന വിധത്തിൽ പ്രതിഷേധം ഉയരണംമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം. മതസ്പർധ വർധിക്കുകയാണ്. അതിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ലേ. കാര്യങ്ങൾ കൈവിട്ടുപോവുന്നതിന് മുൻപ് അതിനുള്ള നടപടികൾ സ്വീകരിക്കുകയല്ലേ വേണ്ടത്. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ. പാലാ ബിഷപിന്റെ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ പ്രശ്നം നീക്കുന്നതിന് കോൺഗ്രസ് യോഗം വിളിക്കും. ഇക്കാര്യം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. യോഗം വിളിക്കുന്നത് എന്നാണെന്ന് നിശ്ചയിച്ചിട്ടില്ല. ആര് എന്തു പറഞ്ഞു എന്നതല്ല, അതിന്റെ ആത്യന്തിത ഫലമെന്താണെന്നാണ് നോക്കേണ്ടത്.

ആര് എന്ത് പറഞ്ഞുവെന്നതിൽ അല്ല, അതിന്റെ ആത്യന്തരഫലം എന്താണെന്നതാണ് മുഖ്യം. ഈ ഇടതുപക്ഷ സർക്കാരിന്റെ സ്ഥാനത്ത് മറ്റേത് സർക്കാർ ആയിരുന്നെങ്കിൽ മതസൗഹാർദ സമ്മേളനം വിളിച്ചുചേർത്ത് കാര്യങ്ങൾ സംസാരിച്ച് മതസൗഹാർദം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പിരിച്ചുവിടുമായിരുന്നു. എന്നാൽ ഇവിടെ നടക്കുന്നതെന്നും ഈ സർക്കാരിലേക്ക് എത്തുന്നില്ല. ഇതിനോട് കേരളത്തിലെ ജനങ്ങൾ സഹതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.