കശ്മീരില്‍ കൂട്ടത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച് പാക്ക് ഭീകരര്‍; പദ്ധതി പൊളിച്ച് ഇന്ത്യന്‍ സേനയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ആയുധ ധാരികളായ ആറംഗസംഘമാണ് കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകറാന്‍ ശ്രമിച്ചത്. ഇവരുമായുള്ള വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥയെകുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമികുന്നത്.