കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകും; ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ നിലവിൽ സ്‌കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ഡൽഹിയിലെ സ്‌കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

സ്‌കൂളുകൾ തുറക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. സങ്കീർണമായ വിഷയമാണിതെന്നും സർക്കാരുകൾ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുമാനങ്ങൾ സർക്കാരാണ് എടുക്കേണ്ടത്. ഭരണനിർവഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്‌കൂളുകൾ തുറക്കണമമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ വിദ്യാർത്ഥിയാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് വൈറസ് വ്യാപനം കാരണം കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മുതൽ സ്‌കൂൾ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാർത്ഥികളിൽ മാനസികമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ട്. സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകളുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസം ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ സാധ്യമാകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതസമയം കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകാത്ത സാഹചര്യത്തിൽ സ്‌കൂൾ തുറക്കാൻ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ സ്‌കൂൾ പൂർണമായും തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാർ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും കോടതി വിശദമാക്കി.