തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണികള്‍ക്ക് തുടക്കമിടാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗാന്ധി ജയന്തി ദിനത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ബൂത്ത് കമ്മിറ്റികള്‍ക്കു കീഴില്‍ രൂപീകരിക്കുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് (സിയുസി) തുടക്കമാകും. 14 ജില്ലയിലും ഒരു പഞ്ചായത്തില്‍ വീതമാണ് ആദ്യഘട്ടത്തില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ കുടുംബസംഗമത്തോടെയാണു യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങുക.
ഇതിനു മുന്നോടിയായി മാതൃകാ പഞ്ചായത്തുകളിലെ ഓരോ ബൂത്ത് പരിധിയിലെയും കോണ്‍ഗ്രസ് കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍വേ നടക്കുന്നുണ്ട്. ഓരോ യൂണിറ്റിലെയും വീടുകളുടെ പട്ടിക, കോണ്‍ഗ്രസ് കുടുംബങ്ങളുടെ പട്ടിക, കോണ്‍ഗ്രസ് സൗഹൃദവീടുകളുടെ പട്ടിക എന്നിവയാണ് ശേഖരിക്കുന്നത്. ബൂത്ത് ഭാരവാഹികള്‍ക്കുള്ള പരിശീലന ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ കോണ്‍ഗ്രസ് ഗാനവും തയാറാക്കിയിട്ടുണ്ട്.
സര്‍വേ പൂര്‍ത്തിയായ ശേഷം ഒരു വീട്ടില്‍ നിന്ന് ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തി യൂണിറ്റ് കമ്മിറ്റി രൂപീകരിക്കും. യൂണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവയില്‍ ഒന്ന് വനിതയായിരിക്കണം. ആകെ ഭാരവാഹികളുടെ 20% സ്ത്രീകളും 5-10% ദലിത് വിഭാഗത്തില്‍ പെട്ടവരും വേണം. മാസത്തില്‍ രണ്ടു തവണ യൂണിറ്റ് കമ്മിറ്റി യോഗം ചേരണം. വര്‍ഷത്തില്‍ ചരിത്രപ്രാധാന്യമുള്ള 10 ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കണം. മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ച വാര്‍ഷികയോഗം, കുടുംബസംഗമം എന്നിവ സംഘടിപ്പിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സ്വന്തം വീടുള്‍പ്പെടുന്ന യൂണിറ്റുകളില്‍ അംഗങ്ങളാവണമെന്നും വര്‍ഷത്തില്‍ 2 യോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. യൂണിറ്റ് കമ്മിറ്റികളിലൂടെ ഫണ്ട് സമാഹരണവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. ഒരു വീട്ടില്‍ നിന്ന് 100 രൂപയില്‍ കുറയാത്ത തുക അംഗത്വഫീസായി കെപിസിസിക്കു നല്‍കണമെന്നാണ് നിര്‍ദ്ദേശം. 15 മുതല്‍ 20 വരെ വീടുകള്‍ക്ക് ഒരു കോണ്‍ഗ്രസ് യൂണിറ്റ് എന്ന രീതിയിലാണ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. എല്ലാവരിലും കോണ്‍ഗ്രസ്, എല്ലാ വീട്ടിലും കോണ്‍ഗ്രസ് എന്നാണു യൂണിറ്റ് കമ്മിറ്റികളുടെ മുദ്രാവാക്യം.
പാര്‍ട്ടിയെ സെമികേഡര്‍ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍സമയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദൈനംദിന ചെലവിന് തുക നല്‍കാന്‍ കെപിസിസി. നേതൃത്വം തീരുമാനിച്ചിരുന്നു. കേഡര്‍ എന്നാല്‍ സമര്‍പ്പണത്തോട് കൂടിയുള്ള പ്രവര്‍ത്തനമാണെന്നും അത് അറിയാത്തവരെ പഠിപ്പിക്കുമെന്നും കെ. സുധാകരന്‍ അറിയിച്ചു.

