തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലഹരിവസ്തുക്കളുടെ ഉപഭോഗം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള എന്‍ഡിപിഎസ് നിയമപ്രകാരം 2020ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 4968 കേസുകളും എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത 3667 കേസുകളുമടക്കം ആകെ 8635 കേസുകളാണ്.
2021 ജൂലായ് വരെയുള്ള സമയങ്ങളില്‍ പോലീസിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2871 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എക്‌സൈസിന്റെ പക്കല്‍ 2021 ജനുവരിയിലെ കണക്കുകള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളു. ഇതുപ്രകാരം 452 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇവയില്‍ അധികവും കഞ്ചാവ് കടത്തിയ കേസുകളാണ്. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിന്‍, എല്‍എസ്ഡി തുടങ്ങി ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോര്‍ഫിന്‍, ഡയാസെപാം തുടങ്ങിയവയും കേരളത്തില്‍ വ്യാപകമാണ്. ഇവയേക്കാള്‍ ഇപ്പോള്‍ പ്രിയം കൈവശം സൂക്ഷിക്കാനും ഒളിച്ചുവെക്കാനും എളുപ്പമുള്ള പുതുതലമുറ ലഹരികളാണ്.
കേരളത്തിലേക്ക് നേരിട്ട് ലഹരി എത്തുന്നത് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്. പുതുതലമുറ ലഹരികളധികവും കേരളത്തിലെ യുവാക്കളില്‍ എത്തുന്നത് മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് ലഹരി എത്തുന്നത്.
കര്‍ണാടകയില്‍ പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന യുവാക്കള്‍ വഴിയാണ് കേരളത്തിലേക്ക് പ്രധാനമായും ലഹരി കടത്തുന്നത്. വളരെ കുറഞ്ഞ അളവിലാണെങ്കില്‍ പോലും വലിയ വില വരുന്ന പുതുതലമുറ ലഹരികളാണ് ഇങ്ങനെ കേരളത്തിലേക്ക് പലരില്‍കൂടി ഒഴുകുന്നത്.
യുവാക്കള്‍ക്കിടയിലേക്ക് പലമാര്‍ഗങ്ങളില്‍ കൂടി ലഹരി ഒഴുകുന്നത് തടയാന്‍ സാധിക്കാതെ വലയുകയാണ് പോലീസും എക്‌സൈസ് വകുപ്പും. മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പൊലീസും എക്സൈസും ചേര്‍ന്നു സംയുക്ത സേനാ പ്രവര്‍ത്തനം നടത്താനും പദ്ധതിയിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സോണല്‍ ഓഫീസുകള്‍ തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. മയക്ക് മരുന്ന് വിപണനവും ഉപയോഗവും കൂടിയ സ്ഥലങ്ങളെ പ്രത്യേക മേഖലകളായി വിഭജിക്കും. എക്സൈസിലേയും പൊലീസിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്നുകളെത്തുന്നത് തടയാന്‍ നാഷണല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായവും തേടും. സ്‌കൂളുകളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
പൊലീസും എക്സൈസും സംയുക്തമായി ആയിരിക്കും ഇനി പരിശോധനകള്‍ നടത്തുക. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവും ഇറക്കിയിട്ടുണ്ട്.

