മിന്നല്‍ പരിശോധന നടത്താന്‍ വേഷംമാറി ആശുപത്രിയിലെത്തിയ കേന്ദ്രമന്ത്രിയെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മിന്നല്‍ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രി ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ആശുപത്രിയെക്കുറിച്ച് വിലയിരുത്താന്‍ വേഷംമാറിയെത്തിയ തന്നെ ഗേറ്റില്‍ വെച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഒട്ടേറെ രോഗികള്‍ സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായും കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു.

തന്റെ മകനുവേണ്ടി ഒരു സ്‌ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടുവെന്നും, ‘1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍പോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തില്‍ സംതൃപ്തനല്ല. എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നല്‍കിയെന്നും മാണ്ഡവ്യ പറഞ്ഞു.

ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് ആഹ്വാനം ചെയ്തു. മാത്രമല്ല, ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.