തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാര്‍ശയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശയാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരെ മാലിന്യം കോരാന്‍ ഉപയോഗിക്കുന്നു എന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധവുമായി ഭരണാനുകൂല യൂണിയനുകള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. പി.എസ്.സി പൊതുപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നുമാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഇത് കാണിച്ച് യൂണിയന്‍ എംഡിക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എംപാനല്‍ഡ് ആയിട്ടുള്ള ജീവനക്കാരെ നിയോഗിച്ച് ജോലി ഏറ്റെടുക്കുമെന്ന് സംഭവത്തില്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതലാണ്. അവരെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതാകും നല്ലത്. കൂടുതലുള്ള ഡ്രൈവര്‍മാര്‍ക്ക് ജോലി കൊടുക്കേണ്ടെങ്കില്‍ ലേ ഓഫ് നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണമായും അവരുടെ ശമ്പളം തരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ കെഎസ്ആര്‍ടിസി സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എംപാനല്‍ഡ് ആയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. അവരെ വച്ച് ജോലി ഏറ്റെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
മാത്രമല്ല, മാലിന്യം കോരുന്നതും മനുഷ്യരാണെന്നും, അവരാരും മ്ലേച്ഛന്മാരൊന്നും അല്ല. വലിയ വാഹനം ഓടിക്കാന്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവരാണു വേണ്ടത്. വാഹനം ഓടിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ല. ഇതില്‍ ഏതു ജോലിക്കാണ് എന്തെങ്കിലും രീതിയില്‍ മാന്യതക്കുറവ് ഉള്ളത് ബാക്കിയുള്ളവര്‍ മോശക്കാരാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി എടുക്കുന്ന മറ്റു ജോലികള്‍ക്ക് അവരെ നിയമിക്കാന്‍ ഒരു നിയമ തടസ്സവും ഇല്ല. അവര്‍ക്ക് നാളെ ഒരു ഘട്ടത്തില്‍ മെച്ചപ്പെട്ട ശമ്പളം കിട്ടുമ്പോള്‍, ഞങ്ങളെ പരിഗണിച്ചില്ല, ഞങ്ങള്‍ക്കും താല്‍പര്യമുണ്ട് എന്നു പറഞ്ഞു വരാതിരുന്നാല്‍ മതി. അര്‍ബന്‍ അഫയേഴ്സ് സെക്രട്ടറി കൂടിയാണ് ഞാനിപ്പോള്‍. നഗരസഭകളിലെ മാലിന്യം മാറ്റുക എന്നത് എന്റെ ചുമതല കൂടിയാണ്. കെഎസ്ആര്‍ടിസി ഇല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടി വരും. മാലിന്യം നീക്കിയേ മതിയാവൂ എന്നും ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

