കേരളവും തമിഴ്‌നാടും എതിര്‍ത്തു; വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്മാറി കേന്ദ്രം !

ന്യൂഡല്‍ഹി: കേരളത്തിന്റെയും തമിഴ്‌നാടിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് തല്‍ക്കാലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് കേന്ദ്രം. ലക്‌നൗവില്‍ നടന്ന 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

സൗന്ദര്യ വര്‍ധക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 18 ശതമാനം നിരക്കിലും പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 5 ശതമാനം നിരക്കിലും നികുതിവിധേയമാക്കണം എന്ന നിര്‍ദേശമാണ് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍സിലിന് മുമ്പില്‍ വെച്ചത്. എന്നാല്‍ ഈ വേര്‍തിരിവ് വെളിച്ചെണ്ണയുടെ കാര്യത്തില്‍ പ്രായോഗികമല്ല എന്നും അതിനാല്‍ ഒരു ലിറ്ററില്‍ കൂടുതല്‍ ഉള്ള പായ്ക്കുകളില്‍ വരുന്ന വെളിച്ചെണ്ണ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്നതായതുകൊണ്ടു അതിനു 5 ശതമാനം നിരക്കിലും ഒരു ലിറ്ററില്‍ താഴെയുള്ള പായ്ക്കുകളില്‍ വില്‍ക്കുന്നവ 18 ശതമാനം നിരക്കിലും നികുതിവിധേയമാക്കാം എന്നും ഫിറ്റ്‌മെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍ കേരളവും തമിഴ്‌നാടും ഈ നിര്‍ദേശത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി എതിര്‍ത്തു.

ഒരു ലിറ്ററില്‍ താഴെയുള്ള പായ്ക്കുകളില്‍ പാചകത്തിനായി വെളിച്ചെണ്ണ വാങ്ങുന്നവര്‍ക്ക് ഇതു അധികഭാരം ഉണ്ടാക്കുമെന്നും ഇത്തരം വിലവര്‍ധന ക്രമേണ നാളീകേര കര്‍ഷകരെയും ബാധിക്കുമെന്ന വാദവും ഇരു സംസ്ഥാനങ്ങളും കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടി. മറ്റു പല എണ്ണകളും സൗന്ദര്യവര്‍ധനവ്, പാചകം എന്ന രണ്ടുപയോഗത്തിനും വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗിക്കപ്പെടുമ്പോള്‍ കേരളത്തിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ നികുതി മാത്രം ഉയര്‍ത്തുന്നത് വിവേചനപരമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. തുടര്‍ന്ന് വെളിച്ചെണ്ണയുടെ നികുതി നിരക്കിനെക്കുറിച്ചു വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇനി ചര്‍ച്ച ഉണ്ടാവുകയുള്ളൂ എന്ന തീരുമാനത്തില്‍ ജിഎസ്ടി കൗണ്‍സില്‍ എത്തിച്ചേര്‍ന്നു.