നാര്‍ക്കോട്ടിക് ജിഹാദ്; സര്‍ക്കാര്‍ തമ്മിലടി കണ്ട് രസിക്കുന്നു, സമവായത്തിന് കോണ്‍ഗ്രസ് ! ബിഷപ്പുമാരെയും ഇമാമിനെയും കണ്ട് സുധാകരനും സതീശനും

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ക്ക് തടയിടാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാലാ രൂപതയുടെ ചുമതലയുള്ള, ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ജോസഫ് പവ്വത്തില്‍ എന്നിവരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. സമവായത്തിന് മുന്‍കൈയെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സി.എസ്.ഐ ബിഷപ്പിനെയും താഴത്തങ്ങാടി മുസ്ലിംപള്ളി ഇമാമിനെയും സതീശന്‍ കണ്ടു. ഇമാമുമായി ചര്‍ച്ച നടത്തിയ സുധാകരന്‍, പിന്നീട് പാലാ അരമനയിലെത്തി ബിഷപ്പിനെയും കണ്ടു.

സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ വിവാദം വളര്‍ന്നിട്ടും സമവായ ശ്രമത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാതെ തമ്മിലടി കണ്ട് ചോര കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായെപ്പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം നിലനിറുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് മനസിലാക്കിയാണ് സമുദായ നേതാക്കളെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

സാഹോദര്യം നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് ശ്രമിക്കും. സര്‍ക്കാര്‍ വിഷയത്തില്‍ മുന്‍കൈ എടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു. ഇരു സഭാനേതൃത്വങ്ങളേയും വരുംദിവസങ്ങളില്‍ ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്തായാലും സര്‍ക്കാര്‍ കാര്യമായ നടപടിയുമായി മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം നിര്‍ണായകമാണ്. സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു എന്നതാണ് പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് കിട്ടിയ അനുകൂല രാഷ്ട്രീയ സാഹചര്യം. വരുംദിവസങ്ങളില്‍ മാത്രമാകും ചര്‍ച്ച കൊണ്ട് ഗുണമുണ്ടായോ എന്ന കാര്യത്തില്‍ വിലയിരുത്തല്‍ സാധ്യമാവുകയെന്നും അദ്ദേഹം അരിയിച്ചു.