സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താം എന്ന് കോടതി ഉത്തരവ് നല്‍കി.

ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്.

ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്ലൈന്‍ ആയി പരീക്ഷ നടത്തുമ്‌ബോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.