ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 71-ാം പിറന്നാള്‍ നന്മകള്‍ നേര്‍ന്ന് പ്രമുഖര്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങി മന്ത്രിമാരും വിവിധ നേതാക്കളും മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
പ്രധാനമന്ത്രിയ്ക്ക് മണല്‍ശില്‍പമൊരുക്കിയായിരുന്നു പ്രശസ്ത മണല്‍ശില്‍പ കലാകാരന്‍ സുദര്‍ശന്‍ പട്നായിക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഒഡീഷയിലെ പുരി കടല്‍ത്തീരത്താണ് പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ സമ്മാനം ഒരുക്കിയത്.
ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാനും രാജ്യത്തെ നയിക്കാനും സാധിക്കട്ടെയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്ററില്‍ കുറിച്ചു. വികസനത്തിനും സദ് ഭരണത്തിനും ഉതകുന്ന പല പുതിയ അദ്ധ്യായങ്ങളും കുറിക്കാന്‍ മോദിയുടെ ഭരണകാലത്ത് കഴിഞ്ഞെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.
ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയട്ടെയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശംസിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ധനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സമയത്തിന് മുന്‍പ് ചിന്തിക്കാനും കഠിനാധ്വാനത്തിലൂടെ പരിഹാരം കാണാനുമാകുമെന്ന് തെളിയിച്ചയാളാണ് പ്രധാനമന്ത്രിയെന്ന് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
മാത്രമല്ല, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, മന്‍സുഖ് മാണ്ഡവ്യ,സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

