തൊടുപുഴ: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തിന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്ന് വിപത്തിനെതിരെയാണെന്ന് ജോസ് കെ മാണി പറഞ്ഞു. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞത്. ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവനയെന്നും, മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഇന്ന് വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
മതനിരപേക്ഷതയും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ സവിശേഷത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലരില്‍ നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

