ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്, പൊലീസിന് ഈഗോ പാടില്ല; സുരേഷ്‌ഗോപിക്ക് സല്യൂട്ട് അടിക്കണമെന്ന് ഗണേശ് കുമാര്‍

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എ രംഗത്ത്. സുരേഷ് ഗോപി എന്ന വ്യക്തിയല്ല, ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ വ്യക്തിയെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം, അത് മര്യാദയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്. സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. അദ്ദേഹം ഒരു എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം. ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോള്‍ പൊലീസ് സംഘടന ഉണ്ടാക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുത്. എംഎല്‍എയെയും സല്യൂട്ട് ചെയ്യണമെന്ന് ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവം വിവാദമായ പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കല്‍ ഡിസ്‌ക്രിമിനേഷന്‍ വരുന്നത് അനുവദിക്കാനാകില്ലെന്നും, രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു.