ചന്ദ്രിക സാമ്പത്തിക തട്ടിപ്പ്; കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി

കൊച്ചി: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായത്.

അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താന്‍ ഇഡിക്ക് മുന്നില്‍ എത്തിയതെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കൂടാതെ, ചന്ദ്രിക സാമ്പത്തിക കേസില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കുന്നതിനും വേണ്ടി ഇഡി ഇന്ന് നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

നേരത്തെ, കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീല്‍ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.