തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിര്‍ക്കാനുറച്ച് കേരളം. കേന്ദ്ര ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് തുറന്നുപറയാന്‍ ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോള്‍ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും, കേന്ദ്രം സെസ് പിരിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ഇന്ധന വില കുറയൂ, സെസ് നിര്‍ത്താതെ ഇന്ധന വില ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരും. മാത്രമല്ല, പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി, അങ്ങനെ വരുമ്പോള്‍ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.
വെള്ളിയാഴ്ചയാണ് കേന്ദ്ര ജി എസ് ടി കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

