ഇനി ബിവറേജില്‍ ക്യൂ നിന്ന് വിഷമിക്കേണ്ട; എവിടെയും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം !

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് സ്പിരിറ്റ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് ബെവ്‌കോ. ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഈ സൗകര്യം ലഭ്യമാകുക. ബെവ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https:booking.ksbc.co.in ലൂടെ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് ‘ഓണ്‍ലൈന്‍ ബുക്കിങ്’ തിരഞ്ഞെടുത്ത്, ബെവ് സ്പിരിറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാം. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം. ആദ്യമായി കയറുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നല്‍കുന്നതോടെയാണ് രജിസ്‌ട്രേഷന്‍ പേജിലെത്തുക. അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യാം. 23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് മദ്യം ഓണ്‍ലൈനായി വാങ്ങാനാകുക. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ നല്‍കുന്ന ജനനത്തീയതി 23 വയസില്‍ താഴെയാണെങ്കില്‍ ബുക്കിങ് റദ്ദാക്കും.

ഷോപ്പുകളുടെയും മദ്യത്തിന്റേയും വിശദാംശങ്ങളുള്ള പേജിലേക്ക് പ്രവേശിച്ച് ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മദ്യം കാര്‍ട്ടിലേക്ക് മാറ്റി ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈനായി പണമടക്കാം. പേമെന്റിനായി ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേമെന്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഫോണില്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും.

റഫറന്‍സ് നമ്പര്‍, ബെവ്‌കോ ഔട്ട്‌ലറ്റിന്റെ വിവരങ്ങള്‍, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങള്‍ അടങ്ങിയ മെസേജാണ് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്നത്. ഇതുമായി തിരഞ്ഞെടുത്ത ഔട്ലെറ്റില്‍ എത്തിയാല്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നില്‍ക്കാതെ തന്നെ മദ്യം വാങ്ങാം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാലും മതി. മദ്യം ബുക്ക് ചെയ്തത് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ksbchelp@gmsil.com എന്ന മെയിലില്‍ സന്ദേശമയക്കാം.