മയക്കുമരുന്നിന് തടയിടാന്‍ പൊലീസും എക്‌സൈസും ഒന്നിക്കുന്നു; സംയുക്ത സേനയായി പ്രവര്‍ത്തിക്കും !

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് കേസുകള്‍ക്ക് തടയിടാനൊരുങ്ങി പൊലീസും എക്‌സൈസും. മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പൊലീസും എക്‌സൈസും ചേര്‍ന്നു സംയുക്ത സേനാ പ്രവര്‍ത്തനം നടത്താനാണ് പദ്ധതിയിടുന്നത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സോണല്‍ ഓഫീസുകള്‍ തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. മയക്ക് മരുന്ന് വിപണനവും ഉപയോഗവും കൂടിയ സ്ഥലങ്ങളെ പ്രത്യേക മേഖലകളായി വിഭജിക്കും. എക്‌സൈസിലേയും പൊലീസിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്നുകളെത്തുന്നത് തടയാന്‍ നാഷണല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായവും തേടും. സ്‌കൂളുകളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

പൊലീസും എക്‌സൈസും സംയുക്തമായി ആയിരിക്കും ഇനി പരിശോധന. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവും ഇറക്കിയിട്ടുണ്ട്.