ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടി; വാഗ്ദാനം പാലിക്കാന്‍ സുരേഷ്‌ഗോപി മേയറെ സന്ദര്‍ശിച്ചു

തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു.

ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു വേളയില്‍ നല്‍കിയ വാഗ്ദാനം പൂര്‍ത്തികരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നത്.

പച്ചക്കറി മാര്‍ക്കറ്റിനും മാംസ മാര്‍ക്കറ്റിനും അമ്പതു ലക്ഷം രൂപ വീതം അദ്ദേഹം നല്‍കും. ശക്തനിലെ 36 ഏക്കര്‍ സ്ഥലം എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. 700 കോടി മുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്.