വാഷിങ്ടണ്‍: കോവിഡ് ലോക്ഡൗണ്‍ സമയങ്ങളില്‍ ജനപ്രിയമായി മാറിയ ടെലികോണ്‍ഫറന്‍സിംഗ് ആപ്പായ സൂം പുതിയ അപ്‌ഡേഷനുകള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ടെലി കോണ്‍ഫറന്‍സുകള്‍ക്കിടയില്‍ ലൈവ് ഭാഷാ വിവര്‍ത്തനം ഉള്‍പ്പെടെയാണ് സൂമില്‍ പുതിയതായി എത്തുക.
കഴിഞ്ഞ ദിവസം നടന്ന സൂം ടോപ്പിയ കോണ്‍ഫറന്‍സിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മുപ്പതോളം ഭാഷകളില്‍ തര്‍ജ്ജമകളുടെ ലൈവ് കൈയ്യെഴുത്തു പ്രതികള്‍ക്കുളള സാങ്കേതിക സംവിധാനവും കമ്പനി അണിയറയില്‍ ഒരുക്കുന്നുണ്ട്.
പെയ്ഡ് അക്കൗണ്ടുകളിലാണ് തത്സമയ വിവര്‍ത്തന സേവനം സൂം ഏര്‍പ്പെടുത്തുക. 12 ഭാഷകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുക. ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്ഫോമിലേക്കും സൂം കടന്നുവരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ സൂം വീഡിയോ കോളുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ബോര്‍ഡുകളില്‍ സ്റ്റിക്കി കുറിപ്പുകളും ഡ്രോയിംഗുകളും അഭിപ്രായങ്ങളും ചേര്‍ക്കാനും ആവശ്യമുള്ളപ്പോള്‍ അവ കാണാനും സാധ്യമാണ്.

