കര്‍ഷക സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; നാലു സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ് !

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നാലു സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി സര്‍ക്കാരുകള്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.

സമരം കാരണം ഗതാഗതം, വ്യവസായം അടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. സിംഘുവിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. സമരസ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്നും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു.

ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.