പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴിലായാല്‍ കേരളം കൂപ്പുകുത്തും; കേന്ദ്രത്തെ എതിര്‍ക്കാന്‍ പിന്തുണ തേടും, വെള്ളിയാഴ്ച തീരുമാനം !

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങള്‍ രാജ്യത്തെ ഏക നികുതി സംവിധാനമായ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗണ്‍സില്‍ വെള്ളിയാഴ്ച പരിഗണിച്ചേക്കുമെന്ന് സൂചന. നികുതി ചുമത്തുന്നതിലൂടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായേക്കാം. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന കൗണ്‍സില്‍, വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന യോഗത്തില്‍, കോവിഡ് -19 അവശ്യവസ്തുക്കളുടെ ഡ്യൂട്ടി ഇളവിനുള്ള കാലാവധി നീട്ടുന്നതും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ധനവില കുതിച്ചുയരുന്നതിന് ജിഎസ്ടി ഒരു പരിഹാരമായാണ് കരുതപ്പെടുന്നത്. ഇതുവഴി ഉല്‍പാദനച്ചെലവ്, സംസ്ഥാനത്തിന്റെ വാറ്റ്, എക്‌സൈസ് തീരുവ എന്നിവയില്‍ മാറ്റങ്ങള്‍ വരും. ജൂണില്‍, ഒരു റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, കേരള ഹൈക്കോടതി ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍ പെട്രോളും ഡീസലും കൊണ്ടുവരാന്‍ തീരുമാനിക്കാന്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തിയാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകും. വാറ്റ് വരുമാനത്തെ ഇത് കുത്തനെ ഇടിക്കും. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഈ വാദത്തെ എത്ര സംസ്ഥാനങ്ങള്‍ പിന്തുണയ്ക്കുമെന്നതാണ് നിര്‍ണ്ണായകം. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള ഇതര പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും. കേരളത്തിന് എത്രത്തോളം പിന്തുണ കിട്ടുമെന്നത് നിര്‍ണ്ണായകമാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സില്‍, സെപ്റ്റംബര്‍ 17ലെ യോഗത്തില്‍ 2022 ജൂണിന് ശേഷമുള്ള നഷ്ടപരിഹാര സെസ് തുടരുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കാം. 2019 ഡിസംബര്‍ 18 നാണ് കോവിഡ് 19 ലോക്ക്ഡൗണിന് മുമ്പുള്ള അവസാന യോഗം നടന്നത്.

വെള്ളിയാഴ്ച നടക്കുന്ന 45-ാമത് യോഗത്തില്‍ കൗണ്‍സില്‍, കോവിഡ് -19 അവശ്യവസ്തുക്കളില്‍ ലഭ്യമായ ഡ്യൂട്ടി ഇളവ് നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കും. മുമ്പത്തെ കൗണ്‍സില്‍ യോഗം ജൂണ്‍ 12 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നിരുന്നു. ഈ സമയത്ത് വിവിധ കോവിഡ് -19 അവശ്യവസ്തുക്കളുടെ നികുതി നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ കുറച്ചിരുന്നു.