ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതേസമയം, വ്യക്തി വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയോ എന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.
പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവിറക്കും. സര്‍ക്കാരിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്താത്ത സാഹചര്യത്തിലാണിത്.
പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതോടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ദ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്രത്തിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് ഹര്‍ജിക്കാരന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി തന്നെ നേരത്തേ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

