കോഴിക്കോട്: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. സംഭവം വിവാദമായതിന് പിന്നാലെ ബിഷപ്പുമായി സംസാരിച്ചിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും, തനിക്ക് രാഷ്ട്രീയമില്ല, മറ്റുമതങ്ങളെ അപമാനിക്കാനില്ല. ആധികാരികമായി മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. അത് ചെയ്യേണ്ടത് ചുമതലയാണെന്നും ആരേയും അപമാനിക്കാനായി പറഞ്ഞല്ലെന്നും ബിഷപ്പ് പറഞ്ഞതായും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
മാത്രമല്ല, സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തിന് മുന്‍പ് തന്നെ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഇത് മനസിലായിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തില്‍ വിവേചനപരമായ നിലപാടുകളുണ്ടാകുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ എട്ട്, ഒന്‍പത് വര്‍ഷങ്ങളായി സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.