ബിഷപ്പിന് പൂര്‍ണ പിന്തുണയുമായി കെസിബിസി; ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത !

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെസിബിസി മദ്യവിരുദ്ധസമിതി ആണ് മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരായി സെല്ലുകള്‍ രൂപീകരിക്കുന്നത്.

പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താനായി ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായും, ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.

ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു

പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍ രൂപവത്കരിക്കുന്നത്.