ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പ്രചരണം അര്‍ഥശൂന്യം; അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെതിരെ നിയമം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് അബ്ദുല്‍ ഹകീം അസ്ഹരി

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാരുടെ മകന്‍ എ.പി അബ്ദുല്‍ ഹകീം അസ്ഹരി. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പ്രചരണം അര്‍ഥശൂന്യമാണെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജനറല്‍ സെക്രട്ടറി കൂടിയായ അബ്ദുല്‍ ഹകീം അസ്ഹരി വ്യക്തമാക്കി.

വിവാദ പ്രസ്താവനകളോടുള്ള പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും, അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ അതിനെ പിന്തുണക്കുമെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

പ്രണയിച്ച് അന്യമതത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച ഒരു പ്രശ്‌നം. മുസ്ലിം മതസ്ഥരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്, മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിര്‍മ്മാണം കൊണ്ടുവരികയാണെങ്കില്‍ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് തങ്ങളായിരിക്കുമെന്നും അസ്ഹരി വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ദൈവിക നിയോഗ പ്രകാരം നടക്കുന്നതാണെന്നായിരുന്നു അസ്ഹരിയുടെ പ്രതികരണം. ഇത്തരം സംസാരങ്ങളിലൂടെയാണ് മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് ഇസ്ലാമിന്റെ നിലപാട് എന്താണെന്ന് ലോകം അറിയുന്നത്. കൂടുതല്‍ ആളുകള്‍ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കും. മുസ്ലിങ്ങള്‍ ആളുകളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കിണഞ്ഞുപരിശ്രമിക്കാറില്ല. പഴയ കാലത്ത് സൂഫി പണ്ഡിതന്മാരുടെയും മറ്റും ജീവിതം കണ്ടുകൊണ്ട് മതത്തിലേക്ക് വന്നവരാണ്. കുമാരനാശാനെപ്പോലുള്ള ആളുകള്‍ വിവിധ മതങ്ങളുടെ ദുരവസ്ഥയെ കുറിച്ച് പാടി അങ്ങനെ ആളുകള്‍ ഇസ്ലാമിലേക്ക് വന്നതാണെന്നും അസ്ഹരി ചൂണ്ടിക്കാട്ടി.