നര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിന്റേത് വിപത്തുകള്‍ക്കെതിരെയുള്ള മുന്നറിയിപ്പ്, കുടുംബഭദ്രത സംരക്ഷിക്കപ്പെടണമെന്ന് ചങ്ങനാശേരി അതിരൂപത !

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത. ചില വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ജാഗ്രതപാലിക്കാന്‍ തന്റെ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്യുകയുമാണ് പാലാ ബിഷപ്പ് ചെയ്തതെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം ‘ദീപിക’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കുടുംബഭദ്രത സംരക്ഷിക്കപ്പെടണം, അതിനെതിരെ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണ് ബിഷപ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയതും ജാഗ്രതപാലിക്കാന്‍ തന്റെ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തതും, ഉദാത്തമായ കുടുംബസംസ്‌കാരത്തെ തകര്‍ക്കുന്ന വിധത്തില്‍ പല വെല്ലുവിളികളും ഉയരുന്നു. കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്തവിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളൂം വീട്ടമ്മമാര്‍ പോലും ഇതിന് ഇരയാകുന്നു. ബലപ്രയോഗങ്ങളെക്കാള്‍ പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും നമുക്ക് അറിയാന്‍ സാധിക്കുന്നത്. ഇത്തരം കെണികള്‍ ഒരുക്കുന്നതിനു വേണ്ടി മയക്കുമരുന്നകളൂം ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എത്രയോ കുടുംബങ്ങള്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹ ജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിത പങ്കാളി എന്നു പറഞ്ഞ് സ്വന്തമാക്കുകയും പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക. അത് ലഹരി മാഫിയ ആകാം, കള്ളക്കടത്താകാം, ഭീകരപ്രവര്‍ത്തനമാകാം, മതമൗലിക ഭീകരതയാകാം, ഗുണ്ടായിസമാകാം, വേശ്യാവൃത്തിയാകാം, ലൗ ജിഹാദോ നര്‍കോട്ടിക് ജിഹാദോ എന്തുമാകാട്ടെ, ഇവയ്ക്ക് സ്വയം അടിമകളാകുന്നതും സമ്മര്‍ദ്ദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാകുന്നതും ഏതു കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്. അതിന്റെ അടിവേരറുക്കുന്നതിനാണ്. സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോട ഇതൊന്നും അംഗീകരിക്കാനോ നീതികരിക്കാനോ സാധിക്കുകയില്ലെന്നും ആര്‍ച്ച്ബിഷപ് ലേഖനത്തില്‍ പറയുന്നു.

നാര്‍കോട്ടിക് ടെററിസം കേരളത്തിന്റെ പശ്ചാത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും അന്താരാഷ്ട്ര വേദികളഇല്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ടെന്നും ആര്‍ച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം പറയുന്നു. അതേസമയം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആവശങ്കകള്‍ ഉള്‍ക്കൊള്ളുന്നതിനും തുറന്ന മനസോടെ ചര്‍ച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവര്‍ തയാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പത്രമാധ്യമങ്ങളും പുലര്‍ത്തുന്ന വേര്‍തിരിവുകള്‍ തിരുത്തപ്പെടേണ്ടവയാണ്. സത്യം തുറന്നുപറയുകയെന്നത് പൊതുധര്‍മബോധത്തിന്റെ ഭാഗമാണ്. മതങ്ങളും സമുദായങ്ങളും രാജ്യത്ത് നിലനില്‍ക്കണമെന്നും അവ ഒരിക്കലും വര്‍ഗശത്രുക്കളെമപ്പാലെ തമ്മിലടിച്ച് തകരരുതെന്നും ആര്‍ക്കും ഭീഷണിയാവുകയും ചെയ്യരുതെന്നും ആരും ആരേയും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പേരില്‍ ചൂഷണം ചെയ്യരുതെന്നും ആര്‍ച്ച്ബിഷപ് ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.