മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ട്; പാലാ ബിഷപ്പിന് പിന്തുണയുമായി മോൻസ് ജോസഫ്

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. വിഷയത്തിൽ യുഡിഎഫ് നിലപാടിനെ തള്ളിയാണ് ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാ കുരിശുപള്ളി കവലയിൽ എസ്എംവൈഎം നടത്തിയ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ഐക്യദാർഢ്യ നിലപാടും താൻ വ്യക്തമാക്കിയെന്നും മോൻസ് ജോസഫ് അറിയിച്ചു. ബിഷപ്പ് കല്ലറങ്ങാട്ടിനെ നേരിട്ടുകണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ രൂപതാധ്യക്ഷന്റെ അപ്പസ്‌തോലിക ദൗത്യത്തിന്റെ ഭാഗമായി തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തോട് നടത്തിയ ഉദ്‌ബോധനത്തെ വിശ്വാസത്തിന്റെ ഭാഗമായും സഭാപരമായും കാണുന്നതിന് എല്ലാവരും തയ്യാറാകണം. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രൈസ്തവ സഭ ധാർമിക അധ:പതനത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യത്തിനും മയക്കമരുന്നിനും തീവ്രവാദത്തിനും എതിരെ ക്രൈസ്തവ സഭ നടത്തി വരുന്ന പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും തുടർച്ചയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.