മുഖ്യമന്ത്രിയുടെ ജില്ലയില്‍ വഴിമുട്ടിയ സംരംഭകരുടെ പരാതിപ്രളയം ! വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത്

കണ്ണൂര്‍: കണ്ണൂരില്‍ വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തിലേക്ക് പരാതികളുടെ പ്രളയമെന്ന് റിപ്പോര്‍ട്ട്. ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 13ന് വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലേക്ക് ലഭിച്ചത് ഇതുവരെ 80 പരാതികളാണ്. ഇതില്‍ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് ഒരു പരാതി മാറ്റിവച്ചത്.

ഖനന മേഖലയുമായി ബന്ധപ്പെട്ട് 13 പരാതിയാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതിയില്ല. ചെങ്കല്‍ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു. കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ഒന്‍പതു പരാതിയാണ് വ്യവസായവകുപ്പില്‍ ലഭിച്ചത്. വായ്പവിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്.

നേരത്തെ, ബക്കളത്ത് പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായ സംരംഭകന്‍ പാറയില്‍ സാജന്‍ ജീവനൊടുക്കിയത് വന്‍വിവാദമായിരുന്നു. സി.പി. എം ഭരണം നടത്തുന്ന ആന്തൂര്‍ നഗരസഭയുമായുള്ള തര്‍ക്കം കാരണമാണ് ക്ലിയറന്‍സ് നീണ്ടുപോയത്. ഇതേ സാഹചര്യത്തില്‍ തന്നെ മുടങ്ങിപ്പോയ ഒട്ടേറെസംരഭങ്ങള്‍ കണ്ണൂരിലുണ്ട്. ഇത്തരം സംരംഭകരും മന്ത്രി നടത്തുന്ന അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്.