ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയായി കന്നഡയെ അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റാണ് ഈ വിഷയത്തില്‍ ഗൂഗിളിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കന്നഡ ഭാഷയുടെ അന്തസ് ഇടിച്ചുകാണിച്ചതിന് കര്‍ണാടക സാസംസ്‌കാരിക വകുപ്പിന് 10 കോടി നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ വിഷയത്തില്‍ ഗൂഗ്ള്‍ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
നേരത്തെ, ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങില്‍ ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്നായിരുന്നു ഗൂഗിള്‍ റിസള്‍ട്ട് നല്‍കിയിരുന്നത്. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഗൂഗിള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സെര്‍ച് ഫലങ്ങള്‍ എപ്പോഴും മികച്ചതായിരിക്കണമെന്നില്ലെന്നും ഉള്ളടക്കം വിവരിക്കുന്ന രീതിയനുസരിച്ച് ഇത്തരം വ്യത്യസ്തമായ ഫലങ്ങള്‍ വരാമെന്നും ജൂണ്‍ മൂന്നിന് സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഗൂഗിള്‍ പ്രസ്താവനയിറക്കിയിരുന്നു.

