ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം നിറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസും ഡല്‍ഹിയില്‍ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു. റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമാണ് മഴ ശക്തം. അടുത്ത 12 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. 2003ലെ റെക്കോര്‍ഡ് ഭേദിച്ചാണ് മഴ തുടരുന്നത്.
ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1975ലാണ് മുന്‍പ് ഇത്രയും ശക്തമായ മഴ ലഭിച്ചത്. 1050 മില്ലിമീറ്റര്‍ ആയിരുന്നു അന്നത്തെ മണ്‍സൂണ്‍ സീസണിലെ റെക്കോര്‍ഡ്. സാധാരണ നിലയില്‍ കാലവര്‍ഷത്തില്‍ 648.9 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിക്കാറ്.
അപ്രതീക്ഷിതമായി എത്തിയ കഴിഞ്ഞ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയും മേഖലവിസ്ഫോടനവും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ റാണി ഖേദ അടിപ്പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഖുജരി- ബ്രിജ്പുരി ഫ്ഴൈ ഓവറില്‍ വെള്ളം കയറിയതോടെ ഒരു ലൈനില്‍ മാത്രമാണ് ഗതാഗതം നടക്കുന്നത്. കഴിഞ്ഞ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

