ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജിവെച്ചു; ബിജെപിയില്‍ നേതൃമാറ്റം സര്‍വസാധാരണമെന്ന് പ്രതികരണം !

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജിവെച്ചു. ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിനു മുന്നില്‍ രുപാനി രാജി കത്ത് സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് രുപാനിയൂടെ അപ്രതീക്ഷിത രാജി.

ഗുജറാത്ത് ജനതയെ സേവിക്കാന്‍ അവസരം നല്‍കിയ ബി ജെ പി നേതൃത്വത്തിന് നന്ദിയുണ്ടെന്നും, ബി ജെ പിയില്‍ നേതൃമാറ്റം സര്‍വസാധാരണമാണെന്നായിരുന്നു രാജിക്കത്ത് സമര്‍പ്പിച്ച ശേഷം രുപാനിയുടെ മറുപടി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണെന്നും, അത് വളരെ ദീര്‍ഘമായ ഒരു കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിനു കീഴില്‍ താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും, ഗുജറാത്ത് ജനത ബി ജെ പിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ താന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും രുപാനി അറിയിച്ചു.