കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; ആര്‍എസ്എസ് നേതാക്കളുടെ രചനകള്‍ ഉള്‍പ്പെടുത്തിയത് കാവിവല്‍ക്കരണമല്ലെന്ന് വി.സി

കണ്ണൂര്‍: ആര്‍എസ്എസ് നേതാക്കളുടെ രചനകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാക്കറുടെയും സവര്‍ക്കറുടെയും രചനകള്‍ മരവിപ്പിക്കില്ലെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു സിലബസില്‍ പോരായ്മകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിലെ പോരായ്മകള്‍ പഠിക്കാന്‍ രണ്ടംഗ സ്വതന്ത്രവിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

ഒരു വിഷയത്തെ കുറിച്ച് പഠിക്കാന്‍ അതുമായി ബന്ധപ്പെട്ടവരുടെ രചനകള്‍ അറിഞ്ഞിരിക്കണമെന്നും സവര്‍ക്കറുടെയും ഗോള്‍വാര്‍ക്കറുടെയും രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയില്ലെന്നും സര്‍വകലാശാല വി.സി പത്രസമ്മേളനത്തിലാണ് അറിയിച്ചത്. സിലബസില്‍ കാവിവല്‍ക്കരണം ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ എല്ലാവരെക്കുറിച്ചും പഠിക്കണമെന്നും ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാവിഷയവും എല്ലാവരും പഠിക്കട്ടെ എന്നാണ് എസ്എഫ്ഐയുടെ ഈ വിഷയത്തിലെ ആദ്യ നിലപാട് വന്നത്. എന്നാല്‍ ഗാന്ധിജിയെയും നെഹ്രുവിനെയും ഒഴിവാക്കി ഹിന്ദുത്വ നേതാക്കളെ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കെഎസ്യുവും എംഎസ്എഫും ഉള്‍പ്പടെ വിദ്യാര്‍ത്ഥി സംഘടനകള്‍ വലിയ പ്രതിഷേധമാണ് നടത്തിയത്.

സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ ബിജെപി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തിരുന്നു. ഇരുവരെയും കുറിച്ച് പഠിക്കുന്നതില്‍ അപരാധമെന്താണെന്നും ചരിത്രം ആരുടെയും കുത്തകയല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വൈസ്ചാന്‍സിലറുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്സിന്റെ സിലബസിലെ മൂന്നാം സെമസ്റ്റര്‍ പിജി കോഴ്‌സിന്റെ പുതുക്കിയ സിലബസിലാണ് ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്‌സ്’, ( വിചാരധാര), വി.ഡി സവര്‍ക്കറുടെ ‘ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് പ്രധാനഗ്രന്ഥമായി കണക്കാക്കുന്ന പുസ്തകമാണ് ‘വിചാരധാര’.