കോഴിക്കോട് : മുസ്ലിംലീഗ് വനിതാ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തില്‍ വച്ച് ഹരിത പ്രവര്‍ത്തകരെ എം എസ് എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ഒത്തുതീര്‍പ്പ് നടപടിയില്‍ തീര്‍പ്പാകാതെ വന്നതോടെയാണ് പൊലീസില്‍ പരാതി എത്തിയത്. ഇതേ തുടര്‍ന്ന് ഹരിതയെ പിരിച്ചുവിട്ട ലീഗ് നടപടിയും വിവാദമായിരുന്നു.
ലൈംഗികാധിക്ഷേപമുണ്ടായ വിവാദ യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ എംഎസ്എഫ് ജനറല്‍ സെക്രട്ടറിക്ക് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തത്. ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പരാതിക്കാരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ചെമ്മങ്ങാട് പൊലിസാണ് കേസന്വേഷിക്കുന്നത്. അതേസമയം ഹരിതയെ പിരിച്ചു വിട്ടത് പുനപരിശോധിക്കമമെന്നാവശ്യപ്പെട്ട് ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

