കെഎസ്ആര്‍ടിസി ലേ ഓഫ്; എടുത്തുചാടി തീരുമാനമില്ലെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലേ ഓഫ് നിര്‍ദ്ദേശത്തില്‍ എടുത്തുചാടി തീരുമാനമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എംഡിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ബെവ്കോ ഔട്ട്ലെറ്റ് നിര്‍ദ്ദേശം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ബസ് സ്റ്റാന്‍ഡിലല്ല, മറിച്ച് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ഡിപ്പോകളിലുമാണ് ഔട്ലെറ്റ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ലേ ഓഫ് വേണ്ടി വരുമെന്നുമാണ് എം ഡി ബിജുപ്രഭാകര്‍ പറഞ്ഞിരുന്നത്. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും എംഡി അഭിപ്രായപ്പെട്ടിരുന്നു.