ഗുരുവായൂര്‍: പ്രമുഖ വ്യവസായി രവി പിളളയുടെ മകന്റെ വിവാഹ അലങ്കാരങ്ങള്‍ക്കെതിരെ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടപന്തലില്‍ സ്ഥാപിച്ച ഭീമന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളുമുള്‍പ്പടെ അലങ്കാരങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ ഇടപെട്ടിരിക്കുന്നത്.
എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്ക് മുന്‍പ് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടക്കുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യം അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും പറഞ്ഞു.
അതേസമയം, വിവാഹത്തിന് അലങ്കാരം നടത്തിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ അറിവില്ലായ്മയാണ് കൂറ്റന്‍ ബോര്‍ഡുകളും കമാനവും വയ്ക്കാനിടയായതെന്ന് ദേവസ്വം വ്യക്തമാക്കി. ഒരു വിവാഹ സംഘത്തില്‍ 12 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

