ഭൂമിയും ആധാറും ലിങ്ക് ചെയ്യും, ബിനാമിപ്പേരില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് തിരിച്ചടിയുമായി സര്‍ക്കാര്‍

k rajan

തിരുവനന്തപുരം: എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ബിനാമിപ്പേരില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് തിരിച്ചടിയാണ് ഈ പദ്ധതി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. തണ്ടപ്പേര്‍ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയില്‍ അറിയാനാകില്ല. ഓരോ വില്ലേജ് ഓഫിസ് പരിധിയിലും പല തണ്ടപ്പേരിലാണ് ഒരു ഭൂ ഉടമയുടെ തന്നെ ഭൂമി ഇപ്പോഴുള്ളത്. ആധാര്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ ഒറ്റ തണ്ടപ്പേരിലാകും ഭൂ ഉടമയുടെ എല്ലാ ഭൂമിയും.

നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആധാര്‍ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫിസുകളില്‍ സൂക്ഷിക്കുക. ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസില്‍ലും പോകേണ്ടിവരില്ല. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആധാര്‍ ലിങ്ക് ചെയ്യുന്നതിന് റവന്യുപോര്‍ട്ടലില്‍ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കും. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയല്‍ നമ്പരും വരും. നിലവില്‍ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്.

സംസ്ഥാന റവന്യുവകുപ്പ് 16ന് ആരംഭിക്കുന്ന സമ്പൂര്‍ണ പോര്‍ട്ടലില്‍ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. പോര്‍ട്ടലിനൊപ്പം കരമടയ്ക്കുന്നതിന് ആപ്പും പുറത്തിറക്കുന്നുണ്ട്.