കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷി(12)മിന്റെ മൃതദേഹം പ്രോട്ടോകോളുകള്‍ പാലിച്ച് കണ്ണംപറമ്പില്‍ കബറടക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തര്‍ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാര്‍ഥനചൊല്ലി അന്ത്യയാത്രയേകി. കുട്ടിയുടെ ബന്ധുക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനാണ് മുഹമ്മദ് ഹാഷിം (12) . മകന്‍ നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് മണ്ണടിഞ്ഞുപോയത്.
പി.ടി.എം.എച്ച്.എസ്.എസില്‍ എട്ടാംതരം വിദ്യാര്‍ഥിയായ മകന്റെ ഭാവി സ്വപ്‌നം കണ്ടായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറും ഭാര്യ വാഹിദയും കഴിഞ്ഞിരുന്നത്. അതാണ് നിപ തട്ടിയെടുത്തത്.
മകനെ അവസാനമായൊന്ന് കാണാന്‍പോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെടുകയാണ് അടുത്ത ബന്ധുക്കള്‍. സൗമ്യ സ്വഭാവക്കാരനായിരുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാരുടെ കണ്ണീരോര്‍മ്മയായി മാറി.
അതേസമയം, നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗവ. ഗസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 0495 2382500, 2382800.

