നിപ രോഗലക്ഷണം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, ഹൈ റിസ്‌കിലുള്ളത് 20 പേര്‍ !

veena

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ചതിനു പിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ച രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. ഇരുവരും മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യം പോയത് ഒരു സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെ ഒമ്പത് പേരുമായി സമ്പര്‍ക്കമുണ്ട്. അതിന് ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ ഏഴിലധികം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നത്.

തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 188 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതില്‍ ഹൈ റിസ്‌കിലുള്ളത് 20 പേരാണെന്നും ഇവരെ ഇന്ന് നാലു മണിക്കകം മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജമാക്കിയ വാര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്കാണ് നിപ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.

നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495- 2382500, 0495- 2382800 എന്നിങ്ങനെയാണ് നമ്പറുകള്‍. ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.