നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് കെ.കെ ശൈലജ

കണ്ണൂര്‍: കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ചതില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് കെ.കെ ശൈലജ അറിയിച്ചു.

സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനമെന്നും, അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും, അധികം പകര്‍ച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.

വീണ്ടും രോഗം വരാനുള്ള സാദ്ധ്യത വിദഗ്ദ്ധര്‍ മുന്‍കൂട്ടി കണ്ടതാണ്. മുന്‍പ് ഉണ്ടായിരുന്ന വിദഗ്ദ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495-2382500, 0495-2382800 എന്നിങ്ങനെയാണ് നമ്പറുകള്‍.