കോഴിക്കോട് വീണ്ടും നിപ മരണം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം !

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ഇന്നലെ രാത്രി വൈകിയാണ് പൂണെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗലക്ഷണമില്ല.

അര്‍ധ രാത്രിയോടെ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം പോലീസെത്തി അടച്ചു. ഈ വീടുള്‍പ്പെടുന്ന വാര്‍ഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12-വയസുകാരന്‍. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദിയും മസ്തിഷ്‌കജ്വരവും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം കോഴിക്കോട്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത തല യോഗങ്ങള്‍ ചേര്‍ന്നെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ചതായും വിവരമുണ്ട്.

ഞായറാഴ്ച പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രമെഡിക്കല്‍ സംഘവും കോഴിക്കോട്ട് എത്തുമെന്നും ആരോഗ്യ മന്ത്രി ജില്ലയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.