പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന്, മമതയ്ക്ക് ജയം അനിവാര്യം !

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നവിടങ്ങളിലാണ് ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിന് ആയിരിക്കും വോട്ടെണ്ണല്‍.

നിലവിലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബി ജെ പി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും.

നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതിനാല്‍ നീണ്ടുപോകുകയായിരുന്നു. മമത അധികാരത്തില്‍ തുടരുന്നതിനു വേണ്ടി ഉപതിരഞ്ഞെടുപ്പ് അനന്തമായി നീട്ടികൊണ്ട് പോകുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷയിലെ പിപ്പിലിയിലും ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ, 31 നിയോജകമണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യകതയുണ്ട്. എന്നാല്‍ ഈ നിയോജകമണ്ഡലങ്ങളില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ല നിലവിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.