തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. എം.വിജയകുമാര്‍ മാറിയ ഒഴിവിലേക്കാണ് ശശിയുടെ നിയമനം.
ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. കോര്പറേഷന് ബോര്‍ഡംഗമായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.
ഡിവൈഎഫ്ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ 2019 നവംബര്‍ 26ന് ശശിയുടെ പാര്‍ട്ടി അംഗത്വം ആറ് മാസത്തേക്ക് എടുത്തുകളഞ്ഞിരുന്നു. ഫോണിലൂടെ മോശമായി സംസാരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് കാലാവധി കഴിഞ്ഞതോടെ തിരികെ പാര്‍ട്ടിയിലെത്തി. എന്നാല്‍ പരാതിയില്‍ പെട്ടതിനാല്‍ ശശിയ്ക്ക് കഴിഞ്ഞതവണ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചിരുന്നില്ല.

