തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതിൽ അഭിപ്രായ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നൽകുന്നതിലുള്ള താത്പര്യ കുറവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ട്.
രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്കെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവനയാണ് കാര്യങ്ങളെല്ലാം മാറ്റിമറിച്ചത്. കെ.സി വേണുഗോപാൽ നിർദേശിച്ച ആളെ വെട്ടി രമേശ് ചെന്നിത്തല നൽകിയ പേര് ആലപ്പുഴയിൽ രാഹുൽ ഗാന്ധി ഡിസിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പോലും പരിഗണിക്കാതെയാണ് ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ് ചെന്നിത്തല പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതാണ് രാഹുൽ ഗാന്ധിയെ പ്രകോപിച്ചതെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ഉചിതമല്ലെന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. സംഘടനാ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള രമേശ് ചെന്നിത്തലയുടെ മുൻപരിചയം പാർട്ടി ഉപയോഗിക്കണമെന്നാണ് മുതിർന്ന നേതാവ് കമൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്. വിഷയത്തിൽ മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാടുകൾ സോണിയാ ഗാന്ധിയോട് വ്യക്തമാക്കിയതായാണ് സൂചനകൾ.

