കാബൂള്‍: അഫ്ഗാനിലെ രണ്ട് പതിറ്റാണ്ടു നീണ്ട സൈനികവിന്യാസം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങി. അഫ്ഗാനില്‍ നിന്നും അവസാന അമേരിക്കന്‍ യുദ്ധ വിമാനവും മടങ്ങിയപ്പോള്‍ വെടിയുതിര്‍ത്തുകൊണ്ടാണ് താലിബാന് ഭരണകൂടം ആഘോഷിച്ചത്.
അഫ്ഗാനിലെ അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി യുഎസ് വിമാനം ഇ 17 ഇന്ത്യന്‍ സമയം രാത്രി 12.59നാണ് കാബൂളില്‍ നിന്നും പറന്നുയര്‍ന്നത്.
ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കും. രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു താലിബാന് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.
ദശലക്ഷക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനരുജ്ജീവനത്തിനായി അമേരിക്ക ചിലവഴിച്ചത്, കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ 2500-ഓളം വരുന്ന അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാന് നല്കിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
അതേസമയം, അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. എല്ലാ അഫ്ഗാനിസ്താന് പൗരന്മാര്ക്കും നന്മ ആശംസിക്കുന്നുവെന്ന് സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

