ടോക്കിയോ: പാരാലിമ്പിക്സില്‍ മെഡല്‍വേട്ട തുടരുന്ന ഇന്ത്യയ്ക്ക് ഒരു കനത്ത നഷ്ടം. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡല്‍ പിന്‍വലിച്ചു.
മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. എതിര്‍ മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിംപിക് കമ്മറ്റിയുടെ നടപടി.
ഡിസ്‌കസ് ത്രോയില്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു 42 കാരനായ വിനോദ് കുമാര്‍ വെങ്കലം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം.
എന്നാല്‍, എഫ്52 എന്ന ഇനത്തില്‍ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടി എതിര്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു.
എഫ്52 വിഭാഗത്തിന് പകരം സി എന്‍ സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.
പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.

